Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

AAMSTERDAAMILE SALKKILUKAL ആംസ്റ്റർഡാമിലെ സൈക്കിളുകൾ രാജു റാഫേല്‍

By: Language: Malayalam Publication details: Thrissur Green books 2012/01/01Edition: 1Description: 160ISBN:
  • 9788184232035
Subject(s): DDC classification:
  • M RAJ/AA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Notes Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M RAJ/AA (Browse shelf(Opens below)) Available സൈക്കിളുകൾ തങ്ങളുടെ ആത്മാവിന്റെ ഭാഗമാക്കിയ ഒരു ജനതയെക്കുറിച്ച് ശ്രീ. രാജു റാഫേലിന്റെ അനുഭവമാണ് ആംസ്റ്റർഡാമിലെ സൈക്കിളുകൾ മനുഷ്യരില്ലാത്ത ഒരു ലോകത്ത് ജീവിക്കാൻ പക്ഷികൾക്ക് കഴിയും. എന്നാൽ പറവകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും മനുഷ്യർക്കാവില്ലെന്ന ആഫ്രിക്കൻ പഴമൊഴി പോലെ സൈക്കിളുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഡച്ചുകാർക്കാവില്ല എന്ന് ഈ പുസ്തകത്തിലൂടെ അദ്ദേഹം കാണിച്ചു തരുന്നു . ഹോളണ്ടിൽ സാധാരണ തൊഴിലാളി മുതൽ ഇപ്പോഴത്തെ ഭരണാധികാരിയായ ബിയാട്രീസ് രാജ്ഞി വരെ നിത്യവും സൈക്കിൾ ഉപയോഗിക്കുന്നവരാണ് . ഏതാണ്ട് കേരളത്തിന്റെ അത്ര വലുപ്പമുള്ള ഹോളണ്ടിന്റെ ഇപ്പോഴത്തെ ജനസംഖ്യ ഒരു കോടി അറുപത്തേഴുലക്ഷമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇവർക്കെല്ലാം കൂടെ ഒരു കോടി നാല്പതു ലക്ഷം സൈക്കിളുകൾ ഉണ്ടത്രേ. ഈ സൈക്കിളുകൾ എല്ലാം കൂടി പതിനഞ്ചു ബില്യണ്‍ കിലോമീറ്ററുകൾ ഒരു വർഷം സഞ്ചരിക്കുന്നു. ഇതിനേക്കാൾ കുറവാണത്രേ നെതർലാന്റ്സിന്റെ റെയിൽവേയുടെ എല്ലാ ട്രെയിനുകളും കൂടി ഒരു വർഷം ഓടുന്നത്. ശരാശരി ഡച്ചുകാരന്റെ മുപ്പതു മുതൽ നാൽപ്പതു ശതമാനം വരെ യാത്രയും സൈക്കിളിലാണ് .എന്നാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് സൈക്കിൾ ഉപയോഗിക്കുന്നത് എന്നത് കൗതുകകരം തന്നെ. കേരളത്തിൽ ഒരു മുതിർന്ന സ്ത്രീ സൈക്കിളോടിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അചിന്തനീയം തന്നെ . അതുപോലെ തന്നെ കൌതുകകരമായ മറ്റൊരു വസ്തുത താഴ്ന്ന വരുമാനക്കാരേക്കാൾ ,ഉയർന്ന വരുമാനക്കാരാണ് ജോലിക്കു പോകാനും മറ്റു ആവശ്യങ്ങൾക്കുമായി സൈക്കിളിനെ കൂടുതലായി ആശ്രയിക്കുന്നത്. ഒരാൾ എത്രമാത്രം തന്റെ ഗതാഗത ആവശ്യങ്ങൾക്കായി സൈക്കിൾ ഉപയോഗിക്കുന്നുവെന്നത് അയാളുടെ ചരിത്രപരവും സാംസ്കാരികവുമായ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുമത്രേ. അതായത്, വിദേശവംശജരായ ഡച്ചുകാർക്കിടയിൽ സൈക്കിൾ ഉപയോഗം താരതമ്യേന കുറവാണ്. എന്നാൽ , അറുപതുകളുടെ തുടക്കത്തിൽ ഹോളണ്ടിലും മോട്ടോർവാഹനവിപ്ളവം സംഭവിച്ചു. അതിനെത്തുടർന്ന് മോട്ടോർ വാഹനങ്ങൾ പെരുകുകയും റോഡുകൾ തിങ്ങി ഞെരുങ്ങുകയും ചെയ്തു. ഇപ്പോൾ കേരളത്തിൽ കാണുന്ന പോലെ സൈക്കിൾ പാവപ്പെട്ടവന്റെ വാഹനമായി മാറുകയും തുടർന്ന് കാറുടമസ്ഥരായ ധനികരും സൈക്കിൾ യാത്രക്കാരായ തൊഴിലാളികളും തമ്മിലുള്ള സംഘട്ടനങ്ങളും ഹോളണ്ടിലെ റോഡുകളിൽ നിത്യസംഭവമായി. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സൈക്കിളുകൾക്ക് പ്രത്യേക പാതകൾ - ഫെയറ്റ് പാത്ത്- നിലവിൽ വന്നത്. ഈ മാതൃക നമുക്കും ഒന്നു പരീക്ഷിക്കാവുന്നതാണ് അല്ലെ ...? സൈക്കിളിനെ ഒരു ഗതാഗത മാധ്യമം എന്നതിലുപരി ഒരു സംസ്കാരമായി കണക്കാക്കുന്ന ഡച്ച് ജനതയുടെയും സർക്കാരിന്റെയും സംയുക്ത സംരംഭമാണ് ഡച്ച് സൈക്കിൾ എംബസി. ഡച്ചുകാരുടെ പ്രധാന വാഹനമായി സൈക്കിളിനെ നിലനിറുത്തുന്നതിനോടൊപ്പം ഈ സംസ്ക്കാരത്തെക്കുറിച്ച് മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്ക്‌ അറിവ് പകരുകയും സൈക്കിൾ ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡച്ച് സൈക്കിൾ എംബസി പ്രവർത്തിക്കുന്നത് . ഏതാനും സൈക്കിൾ പ്രേമികൾ രൂപം കൊടുത്ത ആശയത്തോട് സർക്കാരും സഹകരിക്കുകയായിരുന്നു. സൈക്കിളോടിക്കാൻ ലോകത്തിനെ പഠിപ്പിക്കുക എന്നതാണ് അവരുടെ മുദ്രാവാക്യം. സൈക്കിൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ഡച്ചുകാരുടെ ശരാശരി ആയുർദൈർഘ്യം വർധിച്ചുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പൊണ്ണത്തടിയും വ്യായാമക്കുറവ് മൂലമുള്ള അസുഖങ്ങളും ഡച്ചുകാരിൽ കുറവായതിന്റെ ക്രെഡിറ്റും സൈക്കിളിനു തന്നെയെന്ന് 'ആംസ്റ്റർഡാമിലെ സൈക്കിളുകൾ' സാക്ഷ്യപ്പെടുത്തുന്നു. സൈക്കിൾ ഒരു സംസ്ക്കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഗാന്ധിയൻ ദർശനത്തെ തന്നെയാണെന്നും ലേഖകൻ ഈ കൃതിയിലൂടെ ഓർമിപ്പിക്കുന്നു. സൈക്കിളിൽ ചുറ്റിക്കണ്ട കാഴ്ചകൾ, ജനത, സംസ്കാരം, അവരുടെ വൈകാരികത എല്ലാം വിശദമായും രസകരമായും മനോഹരമായ ഭാഷയിൽ ഈ പുസ്തകത്തിൽ പഠനവിധേയമാക്കിയിട്ടുണ്ട്. ഒരു സൈക്കിളായി പുനർജനിക്കുമെങ്കിൽ അതീ ഹോളണ്ടിൽ തന്നെയാവണം എന്ന കാവ്യാത്മകമായ വരികളിലൂടെ വായനക്കാരേയും ആംസ്റ്റർഡാമിലെ കാട്ടുവഴികളിലൂടെയും ഫെയറ്റ് പാത്തിലൂടെയും സൈക്കിളിൽ ഡബിൾ വെച്ച് കൊണ്ടു പോകുന്നു ലേഖകൻ . ഒരു സൈക്കിളും എടുത്ത് നാട്ടു വഴികളിലൂടെ അലസമായി ഒന്നു ചുറ്റിയടിച്ചു വരാൻ മോഹിപ്പിക്കുന്നു ഈ പുസ്തകം. M157727

ബുക്ക് റിവ്യൂ : ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍
രാജു റാഫേല്‍

പ്രസാധനം- ഗ്രീന്‍ ബുക്ക്‌സ്, തൃശ്ശൂര്‍
രാജു റാഫേല്‍

പ്രസാധനം- ഗ്രീന്‍ ബുക്ക്‌സ്, തൃശ്ശൂര്‍
165 പേജുകള്‍, വില-125 രൂപ

കേരളത്തിലെ റോഡുകള്‍ വീതി കൂട്ടാന്‍ വേണ്ട ഭൂമി ലഭിക്കാത്തതുകൊണ്ടും അഥവാ ലഭിച്ചാല്‍ത്തന്നെ പണി നടത്താന്‍ വേണ്ട പണമില്ലാത്തതുകൊണ്ടും പണി പൂര്‍ത്തിയാല്‍ നടക്കാന്‍ പോകുന്ന ടോള്‍പിരിവിനെ ഓര്‍ത്തുള്ള ഭയം കൊണ്ടും ഇവിടത്തെ ഗതാഗതം സ്തംഭനാവസ്ഥയിലെത്തികൊണ്ടിരിക്കയാണ്. കേരളത്തില്‍ നിലവില്‍ ഉള്ള പാതകളുടെ ദൈര്‍ഘ്യം തന്നെ ദേശിയ ശരാശരിയുടെ പലമടങ്ങാണ്. ഓരോ വീടിനു മുന്നിലും വാഹന ഗതാഗതത്തിനുതകുന്ന പാതയുണ്ടാകണം എന്നത് ഏതൊരു മലയാളിയുടെയും ആവിശ്യമാണ്. തത്ഫലമായി വാസയോഗ്യമായ പ്രദേശങ്ങളിലെ വലിയൊരു ഭാഗം പാതകള്‍ക്കായി വിനിയോഗിക്കപ്പെടുന്നു. എന്നിട്ടും സംസ്ഥാനത്തിലെ ബഹുലമായ വാഹനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ഇപ്പോഴിവിടെയുള്ള പാതകള്‍ അശരണവും അസമര്‍ത്ഥവും ആയിരിക്കുന്നു. ദിനം തോറും ഈ പ്രശ്‌നം ഗുരുതരമായികൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അതുകൊണ്ട് മാത്രം കേരളീയര്‍ക്ക് വലിയ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നേയ്ക്കും. മനുഷ്യശരീരത്തെപ്പോലെ ലംമ്പമാനമായിട്ടുള്ള വാഹനങ്ങള്‍ ഭാവിയില്‍ രൂപം കൊള്ളുന്നതും കേരളീയര്‍ക്ക് അവയെ ആശ്രയിക്കേണ്ടി വരുന്നതും രസകരമായ സങ്കല്‍പ്പമാണ്.
അങ്ങനെ രസം പൂണ്ടിരിയ്ക്കവെയാണ് പത്രപ്രവര്‍ത്തകനും മാധ്യമപരീശീലകനുമായ രാജു റാഫേല്‍ എഴുതിയ ‘ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍” വായിക്കാന്‍ അവസരം ലഭിച്ചത്. പരമാനന്ദഹേതുവായിരുന്നു ഈ പുസ്‌കത്തിന്റെ വായന. ഏറെ ദൂരെയുള്ള ഒരു പരിഷ്‌കൃത ദേശത്ത് അതിസമ്പന്നരും രാഷ്ട്രനേതാക്കളും ചക്രവര്‍ത്തിനി തന്നെയും സൈക്കിള്‍ സഞ്ചാരികളായി നിത്യജീവിതം നയിക്കുന്നു എന്ന അറിവ് കൗതുകകരം മാത്രമല്ല, ആശ്വാസകരവും ആനന്ദപ്രദവും കൂടിയായിരുന്നു.
കേരളത്തിന് അത്യാവശ്യമായ പുസ്തകം എന്ന നിലയ്ക്ക് പ്രത്യേക പരിഗണനയര്‍ഹിക്കുന്നു ‘ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍” എന്ന് രണ്ടാമത്തെ വായനയില്‍ ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെട്ടു. പൊതുവായ ഒരു സാമൂഹികാവശ്യം എന്ന നിലയ്ക്ക് നിരുപാധികം സ്വീകരിക്കപ്പെടേണ്ട ഈ ഗ്രസ്ഥം, സാഹിത്യ കൃതി എന്ന നിലയിലുള്ള മൂല്യശോധനയെ നേരിടാനും സജ്ജമാണ്. കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരില്‍ പരക്കെ കാണപ്പെടുന്ന ഭാഷാശൈഥില്യങ്ങള്‍ അണുപോലും ഈ ഗ്രന്ഥത്തെ തീണ്ടിയിട്ടില്ല എന്നതാണ് സാഹിത്യകൃതി എന്ന നിലയിലുള്ള ഈ ഗ്രന്ഥത്തിന്റെ ഗുണം. ശൈലീഭംഗം, വ്യാകരണപ്പിഴവ്, അര്‍ത്ഥശങ്ക, അനാവശ്യ പദപ്രയോഗം, അനവസരത്തിലുള്ള കാല്പനിക പ്രയോഗങ്ങള്‍ തുടങ്ങിയ രചനാദോഷങ്ങളൊന്നും തന്നെ ആംസ്റ്റര്‍ഡാമിലെ സൈക്കിളുകളില്‍ കാണാനില്ല. ഒരു മികച്ച കഥപറച്ചില്‍കാരന്റെ ഭാവഹാവങ്ങളെല്ലാം രാജു റാഫേല്‍ പുസ്തകത്തിലുടനീളം പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം എഴുതി തുടങ്ങിയിരിക്കുന്നത് ഇപ്രകാരമാണ്.
‘ഓ ! ഈ നശിച്ച സൈക്കിളുകള്‍. ഡാംബര്‍ ആരോടെന്നില്ലാതെ പിറുപിറുത്തു” .
അതു കേട്ടുള്ള
എന്റെ പരിഹാസച്ചിരി കൂടി കണ്ടപ്പോള്‍ അവന് അരിശമായി.’
നാടകീയമായ അവതരണമാണിത്. ഒരു നല്ല എഴുത്തുകാരന്റെ ലക്ഷണവും.
തുടര്‍ന്ന് ഇരുപത് അദ്ധ്യായങ്ങളിലായി ഗ്രന്ഥകര്‍ത്താവ് ഹോളണ്ടിലെയും സമീപസ്ഥ രാഷ്ട്രങ്ങളിലെയും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക വ്യവസ്ഥിതികളെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറയുന്നു. അവയില്‍ ആദിമദ്ധ്യാന്തം സൈക്കിള്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. സൈക്കിളിനെ കുറിച്ച് ഇത്രക്കെന്തു പറയാന്‍ എന്ന് സാമാന്യേന ആരും സംശയിക്കാനിടയുണ്ട്. സൈക്കിനെപ്പറ്റി ഒരുപാട് പറയാനുണ്ട്,. ഹോളണ്ടിലെ സൈക്കിളുകളെ കുറിച്ചാണെങ്കില്‍ വിശേഷിച്ചും. എന്തൊരത്ഭുതം !
ഈ പുസ്തകത്തിന്റെ ഇരുപത് അദ്ധ്യായങ്ങളില്‍ പതിനൊണെണ്ണത്തിന്റെയും തലക്കെട്ട് സൈക്കിള്‍ സംബന്ധിയാണ്. സൈക്കിള്‍ എന്ന പദം അച്ചടിക്കാതായിട്ട് ചുരുക്കം ചില താളുകളേ ഇതിലുള്ളൂതാനും. അത്രയ്ക്ക് സൈക്കിള്‍ മയം. ന്യാമായും ബോറടിക്കേണ്ടതാണ്. ഏറെപ്പറഞ്ഞാല്‍ എന്തും വഷളാകേണ്ടതാണല്ലോ. പക്ഷെ ഇവിടെ അതും സംഭവിക്കുന്നില്ല. അത്രയ്ക്ക് മികച്ച രചനാ വൈഭവം ഈ പുസ്തകത്തിലുണ്ട്. ഗ്രന്ഥത്തിന്റെ സാരാംശം ഇവിടെ രേഖപ്പെടുത്തുന്നില്ല..
പുസ്തകത്തില്‍ ആമുഖ കുറിപ്പില്‍ പറയുന്നതുപോലെ അവിടത്തെ ജനത, അവരുടെ ജീവിതം, വൈകാരികത എന്നിവയെല്ലാം രാജു റാഫേല്‍ വിശദമായ പഠനത്തിന് വിധേയമാക്കുന്നുണ്ട്. ‘ഇത് കേവലമായ യാത്രവിവരണമല്ല; സാംസ്‌കാരികമായ ഒരു അവലോകനവും ദൗത്യവും ആണ്. സൈക്കിള്‍ ഒരു സംസ്‌കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് ഗാന്ധിയന്‍ ദര്‍ശനത്തെത്തന്നെയാണെന്നും ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു” .എന്ന് പുസ്തകത്തില്‍, പ്രസാധകന്റെ കുറിപ്പില്‍ കാണാം.
ഒരു പക്ഷേ ഗാന്ധിയന്‍ ചിന്താഗതിയില്ലാത്തവര്‍ക്കും കേരളത്തില്‍ സൈക്കിളിനെ ഭാവിയില്‍ ശരണം പ്രാപിക്കേണ്ടി വരുമെന്ന് ഈ ലേഖികക്ക് തോന്നുന്നു. പെട്രോല്‍ വിലയുടെ കുതിച്ചു കയറ്റവും ക്ഷാമവും ഇത്തരമൊരു അവസ്ഥ താമസംവിനാ സംജാതമാക്കിയേക്കാം. അതുകൊണ്ട് ആദ്യം വെയിലും പൊടിയുമേറ്റ് വിയര്‍ത്തൊലിച്ച് സൈക്കിളില്‍ സഞ്ചരിക്കുന്ന ഹതഭാഗ്യനോട് മലയാളിക്കുള്ള പുച്ഛം മാറ്റാന്‍ വഴികണ്ടെത്തണം . വെയിലും പൊടിയും ഇല്ലാത്ത സൈക്കിള്‍ പാതകള്‍ ഹോളണ്ടിലേതു പോലെ ഇവിടെയുമുണ്ടാകട്ടെ. സൈക്കിള്‍ പാതകളില്‍ കുടപിടിച്ചുകൊണ്ട് തണല്‍ മരങ്ങള്‍ ഉണ്ടാകണം. വിവിധ തരം സൈക്കിളുകളും അവ ഓടിയ്ക്കാന്‍ സിനിമാ, ക്രിക്കറ്റ് താരങ്ങളും സുന്ദരന്മാരും സുന്ദരികളും തെരുവില്‍ ഇറങ്ങട്ടെ. യുവത്വം സൈക്കിളില്‍ സ്വയം പ്രദര്‍ശിപ്പിച്ചുകൊണ്ട് തെരുവുകളെ കീഴടക്കട്ടെ. ദുര്‍മ്മേദസ്സൊഴിഞ്ഞ് അവര്‍ സുന്ദരന്മാരും സുന്ദരികളുമായി മാറട്ടെ. അതിനുസൃതമായ അവബോധം വളര്‍ത്തിയെടുക്കാന്‍ വേണ്ടിയെങ്കിലും ഓരോ മലയാളിയും ‘ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍” വായിച്ചിരിക്കണം. ഗാന്ധിയന്‍ മൂല്യങ്ങളെ സ്വായത്തമാക്കാന്‍ വേണ്ടിയല്ല ഈ വായന. എത്രമാത്രം അഭിജാതമാണ് സൈക്കിള്‍ സംസ്‌കാരം എന്ന് സ്വയം ബോദ്ധ്യപ്പെടാന്‍ വേണ്ടി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image